കുട്ടിക്കാലത്ത് നഴ്‌സുമാരെ പേടിയായിരുന്നു

ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉമ്മ പറയാറുണ്ട് സിസ്റ്ററെ വിളിച്ച് ഇഞ്ചക്ഷൻ കുത്തിവെക്കുമെന്ന്..

സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ആശുപത്രികളിൽ രോഗികളുമായെത്തിയാൽ നേഴ്‌സുമാരോട് കയർക്കാൻ എന്തെങ്കിലുമൊരു കാരണം കണ്ടെത്തും..



ഉപ്പക്ക് സുഖമില്ലാതെ മംഗലാപുരം ഹൈലാൻഡ് ആശുപത്രിയിൽ മാസങ്ങളോളം അഡ്മിറ്റായപ്പോഴാണ് നഴ്‌സുമാരുടെ ജോലിയുടെ മാഹാത്മ്യം തിരിച്ചറിയാൻ തുടങ്ങിയത്...

അബോധാവസ്ഥയിൽ ഐസിയുവിലുള്ള രോഗികളെ എത്ര അനുകമ്പയോടെയാണ് അവർ പരിചരിക്കുന്നത്...

രോഗികളിൽ പ്രായമായവരുണ്ട്; കുട്ടികളുണ്ട്; വേദന കൊണ്ട് പുളയുന്നവരുണ്ട്; ദേഷ്യം കൊണ്ട് ചീത്ത പറയുന്നവരുണ്ട്....

എല്ലാവരുടേയും വേദനകളെ ആർദ്രമായി ഒപ്പിയെടുക്കാൻ നഴ്‌സുമാർക്കെങ്ങനെ കഴിയുന്നു...?

ജോലിയെന്നതിലുപരി ആതുര സേവനമെന്ന പുണ്യ മാർഗം..

പിന്നീടൊരിക്കൽ, എന്റെ രണ്ടാമത്തെ മകൻ മംഗലാപുരത്ത് ഇൻഡ്യാന ഹോസ്പിറ്റലിൽ ഐസിയുവിൽ ആഴ്ചകളോളം കിടന്നിരുന്നു; ശരീരം മുഴുവൻ വെയറുകളാൽ ബന്ധിക്കപ്പെട്ട്...

ശ്വാസത്തിനും ഭക്ഷണത്തിനും മൂത്രത്തിനും ഗ്ളൂക്കോസിനും രക്തത്തിനും തുടങ്ങി ശരീരം മുഴുവൻ കേബിളുകൾ...

കേബിളുകൾ പിടിച്ചു വലിക്കാതിരിക്കാൻ ആ രണ്ടു വയസ്സുകാരന്റെ കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടത് കണ്ടു തളർന്നു വീണിരുന്നു ഞാനും ഭാര്യയും...

മാലാഖമാരെ ഞാൻ നേരിട്ട് കണ്ടത് അവിടെവച്ചാണ്...

ഒരുപ്പക്കും ഒരുമ്മക്കും പകരം നിരവധി ഉമ്മയും അവനോടൊപ്പമുണ്ടെന്ന് ഞങ്ങളറിഞ്ഞു..

സ്വന്തം കുഞായിക്കണ്ട് അവരവനെ പരിപാലിച്ചു..

അവന്റെ ചെറിയൊരനക്കം പോലും സിസ്റ്റർമാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു..

അവന്റെ ഞെരുക്കങ്ങളും ഉമ്മാ..... യെന്ന വിറങ്ങലിച്ച വിളിയും കളിചിരിയാക്കി മാറ്റാൻ ആ മാലാഖമാർക്ക് കഴിഞ്ഞിരുന്നു..

ജീവനുമായി നൂൽപ്പാലത്തിലൂടെ അവൻ വേച്ചു വേച്ചു നടന്നപ്പോൾ കൂടെയുണ്ടായിരുന്നത് ഈ മാലാഖാമാരായിരുന്നു..



രണ്ട് മേജർ ഓപ്പറേഷനും കഴിഞ്ഞു പൂർണം സുഖം പ്രാപിച്ച കുഞ്ഞിനെ മാലാഖമാർ ഞങ്ങൾക്ക് കൈമാറുമ്പോൾ പൊഴിഞ്ഞത് കണ്ണീരായിരുന്നില്ല.....

*#അവരോടുള്ള അടങ്ങാത്ത കടപ്പാടും സ്നേഹവും മാത്രമായിരുന്നു..

Post a Comment

Previous Post Next Post

JSON Variables