എന്നാൽ 1986-2003 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുടബോൾ ക്ലബിന്റെ മാനേജരായിരുന്ന അലക്സ് ഫെർഗൂസൻ, തന്റെ ടീമിനെ പ്രത്യേക തന്ത്രങ്ങളുപയോഗിച്ച് ഒന്നോ രണ്ടോ ഗോളുകൾക്ക് പിന്നിലായിരുന്നു നിരവധി മത്സരങ്ങൾ ഇഞ്ചുറി ടൈമിൽ ഗോളടിച്ചു സമനിലയിലാവുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഈയൊരു സമയത്തെ "ഫെർഗീ ടൈം" എന്ന് പരക്കെ വിളിക്കാൻ തുടങ്ങിയത്.
പറഞ്ഞു വന്നത്; നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യങ്ങൾ അനിശ്ചിതത്വത്തിലൂയാണല്ലോ പോയിക്കൊണ്ടിരിക്കുന്നത്. "പുതിയ നോർമൽ" ആവാൻ വേണ്ടി നാം കാത്തിരിക്കുന്നു. എളുപ്പത്തിൽ ഇടപഴകുന്ന, മാസ്ക്കും ഗ്ലൗസും സാനിറ്റയ്സറുമില്ലാത്ത "പഴയ നോർമൽ" പോയെന്നർത്ഥം. തൊഴിലിലും ബിസിനസ്സിലും ഈ "പുതിയ നോർമൽ" സ്വാധീനം ചെലുത്തും.
വർത്തമാന കാലം വെല്ലുവിളികളുടേതെന്നുറപ്പ്. ലോക്ഡൗണും അനാരോഗ്യവും വരുത്തിവച്ച മാന്ദ്യാവസ്ഥയിൽ കാലത്തിനനുസരിച്ച് പഠിക്കാനും മാറാനും പുതിയ ലക്ഷ്യങ്ങൾ കണ്ടെത്താനും കഴിയണമെന്നാണ് ഫെർഗീ ടൈം ഓർമിപ്പിക്കുന്നത്. ലക്ഷ്യത്തിലെത്തണമെന്ന കത്തുന്ന ആഗ്രഹവും സ്വന്തം കഴിവിലുള്ള അടിയുറച്ച വിശ്വാസവും നിശ്ചയ ദാർഢ്യവും സ്ഥിരോത്സാഹവും ഒത്തു ചേർന്നാൽ കളി നമ്മുടെ കയ്യിലാവും. 'വർക്ക് അറ്റ് ഹോമി'ന്റെയും 'വിർച്വൽ വർക്കി'ന്റെയും സാദ്ധ്യതകൾ മനസ്സിലാക്കി ഒരുങ്ങുകയെന്നതാണ് തൊഴിലന്വേഷകർക്ക് പ്രധാനം. പരമ്പരാഗത ബിസിനസ് രീതികളിൽ കടിച്ചു തൂങ്ങാതെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുകയും ഓൺലൈൻ,
ഇകൊമേഴ്സ് തുടങ്ങിയ മേഖലകളിൽ ഉരുത്തിരിയുന്ന പുതിയ അവസരങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി യെടുക്കുന്നിടത്താണ് ബിസിനസുകാരന്റെ സാമർഥ്യം തിളങ്ങേണ്ടത്..
ഫുടബോൾ കളിയിൽ നിന്ന് വ്യത്യസ്തമായി, സ്വസ്ഥമായി വീട്ടിലിരുന്ന് ആലോചിക്കാനും വിശകലനം ചെയ്യാനുമുള്ള അവസരമാണ് ഈ ലോക്ക് ഡൗൺ കാലത്തെ ഫെർഗീ ടൈം നമുക്ക് നൽകിയിരിക്കുന്നത്. അവസാന വിസിലിന് തൊട്ട് മുന്നേയുള്ള ഈ നിർണായക സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നവരുടെ കയ്യിലായിരിക്കും ലോകത്തിന്റെ ഭാവി. കുറച്ചു വർഷങ്ങൾ കഴിഞ്ഞു പുതിയ മഹാസംരഭങ്ങളുടെ വിജയ കഥകൾ വിവരിക്കുമ്പോൾ അന്നത്തെ വിജയികൾ പറയുന്നിടത്ത് നമുക്ക് കേൾക്കാനാവും; ലോക്ക് ഡൗണിൽ വീട്ടിലിരുന്നപ്പോൾ കിട്ടിയ ആശയവും ആവേശവുമാണ് എന്നെയിവിടെ എത്തിച്ചതെന്ന്.
ഇനിയും വൈകിയിട്ടില്ല; പേനയും പുസ്തകവുമെടുത്ത് നിങ്ങളുടെ ആശയങ്ങളെ പകർത്തുക; പിന്തുടരുക; കളിയുടെ ഗതി മാറട്ടെ..