മലകയറ്റമോ.. നിസ്സാരമല്ലേ... #Korfukhan #AlRabiTower

പ്രവാസ ജീവിതത്തിന്റെ ഒട്ടനവധി പിരിമുറുക്കങ്ങൾക്കിടയിൽ കിട്ടുന്ന ഒഴിവു ദിനങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം കളിചിരിയുമായി ചെലവഴിക്കുമ്പോൾ അതൊരു ആഘോഷമെന്നതിലുപരി മനസ്സിനും ശരീരത്തിനും വലിയൊരളവിൽ ഊർജ്ജവും ഉന്മേഷവും ലഭിക്കുന്ന സന്ദർഭം കൂടിയാണ്. നവമ്പർ  മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ച രാവിലെ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്പതിലധികം പേരാണ് യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഖോർഫുഖാനിലെ അൽറാബി മല കയറാൻ ഒത്തു കൂടിയത്. സാധാരണ സംഘടിപ്പിക്കാറുള്ള സ്റ്റേജ് പരിപാടികൾ, കുടുംബ സംഗമങ്ങളിൽ നിന്നും വ്യത്യസ്തമായൊരു പരിപാടിയെന്ന നിലക്കാണ് ഒരു 'അഡ്വെഞ്ചറസ് മൗണ്ടൈൻ ട്രെക്കിങ്ങ്' ഞങ്ങളുടെ  ക്ലബായ 'ടോക്ക്-മാസ്റ്റേഴ്സ്' സംഘടിപ്പിച്ചത്. പബ്ലിക്ക് സ്പീക്കിങ് & ലീഡർഷിപ്പ് രംഗത്ത് കഴിഞ്ഞ ഏഴ് വർഷമായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണ്‌ ടോക്ക്-മാസ്റ്റേഴ്സ് ക്ലബ്.



ദുർഘടമായ ഹജർ പർവതങ്ങളും ഒമാനിലേക്ക് ഉൾവലിഞ്ഞു നീണ്ടു കിടക്കുന്ന നീലക്കടലിന്റെ തഴുകലിൽ പുളകിതമായി പരന്നു കിടക്കുന്ന ബീച്ചുകളും കടൽതീരങ്ങളും കൊണ്ട് മനോഹരമാണ് ഖോർഫുഖാൻ. നഗരത്തിൽ നിന്ന് വിളിപ്പാടകലെയുള്ള അൽറാബീ ടവർ, തുടക്കക്കാർക്ക് പോലും അനായാസമായി പരീക്ഷിക്കാവുന്ന ഒരു മനോഹര ട്രെക്കിങ്ങ് & ഹൈക്കിങ് സ്പോട്ടാണ്. 395 മീറ്റർ ഉയരത്തിലുള്ള മലയുടെ കൊടുമുടിയിലെത്താൻ മലയിടുക്കിലൂടെ മൂന്ന് കിലോമീറ്ററോളം കുത്തനെ കയറി കാഴ്ചകൾ കണ്ടാസ്വദിച്ചു  താഴ്വാരത്തേക്ക് മടങ്ങിയെത്താൻ തുടക്കക്കാർക്ക് മൂന്ന് മുതൽ നാല് മണിക്കൂർ മതിയാവും.

മലയുടെ ഏറ്റവും ഉയരത്തിലെത്തി ദേശീയ പതാകയിൽ മുത്തമിടാൻ 2.7 കിലോമീറ്റർ താണ്ടണമെങ്കിലും രണ്ട് കിലോമീറ്ററിൽ നല്ലൊരു ലാൻഡിംഗ് സ്‌പേസുണ്ട്. അവിടെയും യു.എ.ഇ.യുടെ ദേശീയ പതാകയുണ്ട്. ഖോർഫുഖാൻ നഗരക്കാഴ്ചകളും നീണ്ടു കിടക്കുന്ന ബീച്ചും പിന്നിൽ ചുറ്റിക്കിടക്കുന്ന പർവ്വതങ്ങളും നീലക്കടലിന്റ ഭംഗിയും മതിമറന്ന് ആസ്വദിക്കാൻ പറ്റിയൊരിടം.

സൂര്യോദയം മലയുടെ ഈ സ്പോട്ടിൽ നിന്നും ദർശിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളെത്തുന്ന ദിവസം രാവിലെ 6.32 നായിരുന്നു സൂര്യോദയം. ഗൂഗിളിൽ നോക്കിയാൽ ആർക്കും സൂര്യോദയം, സൂര്യാസ്തമയം, കാലാവസ്ഥ, വിസിബിലിറ്റി എന്നിവയൊക്കെ അനായാസമായി കണ്ടെത്താം.



തുടക്കക്കാർക്ക് രണ്ട് കിലോമീറ്റർ താണ്ടാൻ ഒന്നര-രണ്ട് മണിക്കൂർ വേണ്ടി വരും.അങ്ങനെയാണ്  ഞങ്ങൾ രാവിലെ നാല് മണിക്ക് അൽറാബി ടവർ താഴ്വരയിൽ എത്തിച്ചേരാനും നാലര മണിക്ക് മലകയറ്റം തുടങ്ങാനും തീരുമാനിച്ചത്.

ദുബായിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട് അൽറാബി ടവർ താഴ്വരയിലേക്ക്. അതായത് പാതിരാത്രി രണ്ട്  മണിക്കെങ്കിലും ഉറക്കിൽ നിന്നെണീക്കണം. ദുബായിലെ ദേരയിലാണ്  താമസമെങ്കിലും യാത്രയുടെ തലേദിവസം സുഹൃത്ത് കണ്ണൂർ സ്വദേശി ശഫീഖിന്റെ ഷാർജയിലെ ഫ്ലാറ്റിലാണ് താമസിച്ചത്. അവിടെ നിന്ന് കൃത്യം രണ്ടര മണിക്ക് തന്നെ ഞങ്ങളുടെ സുഹൃത്ത് കാസർകോട് തളങ്കര സ്വദശി റിയാസ് ഭായിയുടെ കാറിൽ യാത്ര പുറപ്പെട്ടു. അപ്പോഴേക്കും നേരത്തെ അറിയിച്ചത് പോലെ, ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓരോരുത്തരുടെയും യാത്രയുടെ അപ്‌ഡേറ്റുകൾ വന്നു തുടങ്ങിയിരുന്നു. കൃത്യം 4.10 ഞങ്ങൾ അൽറാബി ടവർ താഴ്വരയിലെത്തി.

ലൊക്കേഷൻ മാപ്പ് നേരത്തെ എല്ലാവർക്കും ഷെയർ ചെയ്തതിനാൽ യാത്ര സുഖമായിരുന്നു. പക്ഷെ മിക്കവർക്കും ഫിനിഷിങ് പോയിന്റിൽ ചെറിയൊരു കൺഫ്യുഷനുണ്ടായി. ഗൂഗിൾ മാപ്പ് തീരുന്നതിന്റെ നൂറ്-നൂറ്റമ്പത് മീറ്ററിന് മുൻപ് "അൽറാബി ടവർ' ബോർഡ് കണ്ടയുടനെ വലത്തോട്ട് തിരിഞ്ഞാൽ നേരെ അൽറബീ ടവർ ഹൈക്കിങ് പോയിന്റിലെത്താം. എന്നാൽ മിക്കവർക്കും വലത് ടേൺ മിസ്സായിപ്പോവാറുണ്ട്. മിസ്സായാൽ പിന്നെ മുന്നോട്ട് പോയി കറങ്ങിത്തിരിഞ് വരുമ്പോഴേക്കും ചുരുങ്ങിയത് പത്ത് മിനുട്ടെങ്കിലും പോയിക്കിട്ടും.

നാലര മണിക്ക് തന്നെ എല്ലാവരും അൽറാബി ടവർ പരിസരത്തെത്തി. അൽറാബി ടവറിന്റെ തൊട്ടടൂത്ത്‌ പത്തു-പതിനഞ്ച് കാറുകൾക്ക് ചെയ്യാനുള്ള സ്ഥലം മാത്രമേയുള്ളൂ. ബാക്കി കാറുകൾ മെയിൻ റോഡിന്ന് വലത്തോട്ട് തിരിഞ്ഞയുടനെ കിട്ടുന്ന സ്ഥലത്ത് പാർക്ക് ചെയ്ത് 200 മീറ്റർ റോഡിലൂടെ കുത്തനെ നടന്നു കയറണം. അതായത് ആദ്യമെത്തിയാൽ ഈയൊരു നടത്തം ഒഴിവാക്കാം. മുഹമ്മദലിയും കൂട്ടുകാരും  ആദ്യമെത്തി. പിന്നീട് ഞങ്ങളെത്തി. തുടർന്ന് ഗണേഷ്‌ജിയുടെ കാർ, ജിതേഷും ഫാമിലിയും ഉമ്മർകോയയും ഫാമിലിയും റാജിയും വൈഫും ജോൺ ചാണ്ടി സാറിന്റ കാർ, പീസി, ശരീഫ് ഭായ്, റയീസ്, റഫീഖ്, ബിജു ആൻറണിഅങ്ങനെ എല്ലാവരുമെത്തി.



കൃത്യം രാവിലെ 4.40 ന് ഗണേഷ്‌ജിയുടെ നേതൃത്വത്തിൽ വാം-അപ്പ് എക്സർസൈസ് തുടങ്ങി. ബോഡി ജോയിന്റുകൾ, ബ്രീത്തിങ് എന്നിവ സ്‌മൂത്താക്കി മാറ്റാൻ ഗണേഷ്‌ജിയുടെ യോഗാ പാഠങ്ങൾ ഒരുപാട് ഉപകാരപ്പെട്ടു. അൽറാബി ടവറിൽ നിന്നും അഞ്ച് മണിയോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്പത് പേരുടെ ഞങ്ങളുടെ സംഘം മലകയറ്റം തുടങ്ങി. ഞങ്ങൾക്കും മുന്നിലും പിന്നിലുമായി മറ്റു പലരും  കൂരിരുട്ടായിരുന്നെങ്കിലും കൂട്ടത്തിൽ ചിലരുടെ കയ്യിലുണ്ടായിരുന്ന ടോർച്ചും ഹെഡ്‌ലാമ്പും വഴി കാണിച്ചു തന്നു. കാർ പാർക്കിൽ നിന്ന് മലയിലെ നടപ്പാതയിലേക്ക് കയറുമ്പോൾ വഴികൾ രണ്ടായി തിരിയുന്നുണ്ട്. ഇടത്തോട്ട് തിരിഞ്ഞാൽ ഒരാൾക്ക് മാത്രം പോകാവുന്ന യഥാർത്ഥ ട്രെക്കിങ് പാതയുണ്ട്. ഇത് അടയാളങ്ങൾ മാർക്ക് ചെയ്ത്, മലയിടുക്കിലൂടെ വളഞ്ഞു തിരിഞ്ഞു മേലോട്ട് പോകുന്ന പാതയാണ്. ട്രെക്കിങ്ങിന്റെ ശരിയായ എക്സ്പീരിയൻസ് കിട്ടണമെങ്കിൽ ഇതിലൂടെ തന്നെ കയറിപ്പോകണം. എന്നാൽ ഞങ്ങൾ പോയത് വലതു വശത്തേക്ക് തിരിഞ്ഞാൽ കിട്ടുന്ന, അഞ്ചാറ് ഫീറ്റ് വീതിയിൽ ചെറിയൊരു റോഡ് പോലെയുള്ള പാതയിലൂടെയാണ്.

മലകയറ്റം തുടങ്ങി ആദ്യ പത്തിരുപത് മിനുട്ട് തുടക്കക്കാർക്ക് വളരെ പ്രധാനമാണ്. ഇതൊക്കെയെന്ത് എന്ന മട്ടിൽ ചിലർ സ്‌പീഡിൽ കയറിപ്പോകും. പത്ത് മിനുട്ടിലവർ കിതച്ച് നിൽക്കും. മറ്റു ചിലർ ആദ്യത്തെ ഇരുപത് മിനുട്ടിനുള്ളിൽ തിരിച്ചു പോയാലോയെന്ന് പലകുറി ആലോചിക്കും; പരസ്പരം പറയും. ക്ഷീണവും കാല് വേദനയും ദാഹവുമൊക്കെ അസഹനീയമായി തോന്നിത്തുടങ്ങും. ഈ പരിപാടിക്ക്  കൂട്ടിക്കൊണ്ടു വന്നവനെ പ്രാകി, എങ്ങിനെയെങ്കിലും ഒന്ന് നിർത്തിയാലോ എന്നൊക്കെ ആലോചിച്ചു തുടങ്ങും. എന്നാൽ നിശ്ചയ ദാർഢ്യത്തോടെ ഈയൊരു ഘട്ടം മറി കടക്കുന്നതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് മാത്രമല്ല ആദ്യം തോന്നിയ ക്ഷീണവും ദാഹവുമൊക്കെ പൂർണമായും മാറി, ശരീരം ആവേശത്തോടെ നടത്തം ഏറ്റെടുത്തതായി അനുഭവിക്കും, അതോടെ പിന്നീടങ്ങോട്ടുള്ള ഓരോ ചുവടും ആസ്വാദ്യകരമായിരിക്കും.

രണ്ട് മലകൾക്കിടയിലുള്ള ഒരു റസ്റ്റിങ് പോയിന്റിലേക്കാണ് ഇ പാത നേരെ ചെന്നെത്തുന്നത്. ഒരു മണിക്കൂർ കയറിക്കാണും ഇവിടെയെത്താൻ. നിസ്കരിക്കാനുള്ള് ഒരു കോൺക്രീറ്റ് കെട്ടിത്തടത്തിന്റെ പണിയിവിടെ  നടക്കുന്നുണ്ട്. അതിനപ്പുറത്ത് ഒമാൻ ഉൾക്കടലിന്റ വശ്യമായ കാഴ്ച മലകൾക്കിടയിലൂടെ കാണാം. ഈ റസ്റ്റിങ് പോയിന്റിന്റെ വലത് ഭാഗത്തെ മലകയറിയാൽ ഏറ്റവും ഉയരം കൂടിയ പോയിന്റിലേക്കും ഇടത് ഭാഗത്തുള്ള മലകയറിയാൽ സൂര്യോദയം സുന്ദരമായി വീക്ഷിക്കാവുന്ന പോയിന്റിലേക്കുമെത്താം.



സൂര്യോദയം കാണാൻ ഇടത്തോട്ടുള്ള മലകേറിത്തുടങ്ങി. ഇത് മലയിടുക്കിലൂടെ ഒരാൾക്ക് മാത്രം നടക്കാവുന്ന ശരിയായ ഹൈക്കിങ് റൂട്ടായിരുന്നു. അരമണിക്കൂറെടുത്ത് മുകളിലെത്തി, ഇളം കാറ്റിൽ പാറിക്കളിക്കുന്ന യു.എ.ഇ. ദേശീയ പതാക കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരാനന്ദം. സൂര്യനുദിക്കാൻ ഇനിയും പത്ത് മിനിട്ട് ബാക്കിയുണ്ട്. പതാകയെ ചുംബിച്ചും പാറകളിൽ ഇരുന്നും കിടന്നുമൊക്കെ ഫോട്ടോയെടുക്കുന്ന തിരക്കിലായി എല്ലാവരും.

മലകൾക്കിടയിലൂടെ ഒമാൻ ഉൾക്കടലിലെ ചക്രവാളത്തിൽ നിന്നും ഉദയസൂര്യൻ പതുക്കെ തലപൊക്കി വരുന്ന കാഴ്ച അതിമനോഹരമായിരുന്നു. അതിമനോഹരമായ ഗോൾഡൻ-യെല്ലോ നിറത്തിലുള്ള

 സൂര്യരശ്മികളും, പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തണുത്ത ഇളം കാറ്റും കണ്ണിനേയും മനസ്സിനെയും കുളിർപ്പിക്കുന്ന നഗരക്കാഴ്ചകളുമായപ്പോൾ ഓരോരുത്തരും അവരവരുടെ ആത്‌മീയ മണ്ഡലങ്ങളിലേക്കും മനസ്സിൻറെ അഗാധതയിലേക്കും ഊളിയിട്ട് പോയിരുന്നു. പരിസരം മറന്ന് സ്വയം കണ്ടെത്താനും സ്വന്തം ആത്മാവിനോടും സംവദിക്കാൻ പറ്റിയ സന്ദർഭം.

പിന്നീട് ഗണേഷ്‌ജിയുടെയും ജിതേഷിന്റെ ഭാര്യയുടെയും നേതൃത്വത്തിൽ യോഗയും ചെയ്തപ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും താളങ്ങൾ ഒന്നിച്ചു ഒരു പോയിന്റിലൂടെ മുന്നേറുന്നത് അനുഭവിച്ചു. ജിതേഷിന്റെ ഭാര്യ യോഗ ട്രെയിനറാണെന്ന് അപ്പോഴാണ് അറിയുന്നത്.

ഉദയസൂര്യന്റെ മാസ്മരികതയും യോഗയിലൂടെ ലഭിച്ച പോസിറ്റിവിറ്റിയുമായി ഞങ്ങൾ അവിടെ നിന്ന് മടങ്ങി റെസ്റ്റിങ് പോയിന്റിൽ തിരിച്ചെത്തി. ഉദയസൂര്യന്റെ മാസ്മരിക സൗന്ദര്യത്തിൽ സുന്ദരിയായി നിൽക്കുന്ന പ്രകൃതിയുടെ കാഴ്ചകൾ ഒന്ന് പോലും വിടാതെ ക്യാമറയിൽ ഒപ്പിയെടുത്ത്, വലത് വശത്തുള്ള മലയുടെ പീക്കിലേക്ക് നടന്നു നീങ്ങി. എന്നാൽ അര മണിക്കൂർ നേരം കൊണ്ട് പൂർത്തിയാക്കിയ രണ്ടാമത്തെ ട്രെക്കിങ്ങിൽ പകുതി പേർ മാത്രമേ പങ്കെടുത്തുള്ളൂ. ചിലർ റസ്റ്റിംഗ് പോയിന്റിൽ തങ്ങിയപ്പോൾ മറ്റുള്ളവർ നേരെ കാർ പാർക്കിങ്ങിലേക്ക് തിരിച്ചു പോയിരുന്നു.

അൽറാബി ടവർ മലയുടെ 395 മീറ്റർ ഉയരത്തിൽ, ഏറ്റവും പീക്കിലെത്തി യു.എ.ഇ. ദേശീയ പതാകയിൽ പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഇവൻ എവറസ്റ്റാണോ കീഴടക്കിയത് എന്നൊക്കെ നമുക്ക് പരസ്പരം തോന്നിപ്പോകും. ഇവിടത്തെ ഫ്‌ളാഗ് മരത്തിൽ, മലയുടെ പീക്ക് പോയിന്റിന്റെ പേരും ഉയരവും രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസൗന്ദര്യവും പർവതങ്ങളുടെ ദൃഢതയും അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കുന്ന സൗഹൃദവും കളിചിരിയും ഒക്കെ കൂടിക്കലർന്ന മനോഹര നിമിഷം. ഞങ്ങൾക്ക് പുറമേ നിരവധി രാജ്യക്കാർ, ഭാഷക്കാർ അവിടെയുണ്ടെങ്കിലും എല്ലാവർക്കുമിടയിൽ സൗഹൃദം പൂത്തുലഞ്ഞു നിന്നിരുന്നു. ഇത്ര ഉയരത്തിലും മൊബൈൽ കണക്ഷൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ചിലർ നാട്ടിലെ ഉറ്റവർക്ക് വിഡിയോ കൊളിലൂടെ പ്രകൃതി ഭംഗി കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. മതിവരുവോളം ആസ്വദിച്ച് അവിട നിന്ന് മലയിറങ്ങി വീണ്ടും റെസ്റ്റിങ് പോയിന്റിലെത്തി.



ഇനി രാവിലെ ആദ്യം മല കയറിവന്ന പാതയിലൂടെയുള്ള ഇറക്കമാണ്. അപ്പോളാണ് മനസ്സിലായത് ട്രെക്കിങ്ങ് & ഹൈക്കിങ്ങിൽ ഏറ്റവും നിയന്ത്രണം വേണ്ടത് മലയിറുങ്ങോമ്പോളാണെന്ന്. കുത്തനെ മലയിറങ്ങുമ്പോൾ  പിന്നിൽ നിന്ന് ആരോ തള്ളി വിടുന്ന പോലെയുള്ള ഫീലാണ്. മാത്രമല്ല മൂന്ന് മണിക്കൂറോളം  നടന്നതിന്റെ ക്ഷീണം കാലുകൾക്കുമുണ്ടല്ലോ. ഷൂസിന്റെ ഗ്രിപ്പിന്റെ ശരിയായ ഫലം കിട്ടിയതും ഇറങ്ങുമ്പോളാണ്.  ഇറങ്ങുമ്പോൾ ചിലർ നിയന്ത്രണം കിട്ടാതെ ഓടിപ്പോയി മതിലിൽ ഇടിച്ചു നിൽക്കുന്നതും തെന്നി വീഴുന്നതുമൊക്കെ കണ്ടു. എങ്കിലും അര മണിക്കൂറിനുള്ളിൽ സുഖമായി താഴെയെത്തി.

സ്റ്റാർട്ടിങ് പോയിന്റിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഏറെക്കുറെയാളുകൾ നേരത്തെ ഇവിടെയെത്തിയിരുന്നു. കാറുകളിൽ ഉണ്ടായിരുന്ന എക്സ്ട്രാ ജ്യുസുകളും സ്നാക്കുകളും ഫ്രൂട്സുകളും ഭക്ഷണങ്ങളും പരസ്പരം പങ്കു വച്ചു. ഉമ്മർകോയയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന പുഴുങ്ങിയ മുട്ട പ്രത്യേകം  ഇഷ്ടപ്പെട്ടു.

സ്ത്രീകളും കുട്ടികളുമാണ് ഏറെ ആവേശം ചൊരിഞ്ഞത്. മുതിർന്നവരേക്കാളും ആവേശത്തിലും എനെർജിയിലുമാണ് കുട്ടികൾ ട്രെക്കിങ്ങ് ആസ്വദിച്ചത്. ജിതേഷും ഫാമിലിയും ഉമ്മർകോയയും ഫാമിലിയും റാജിയും വൈഫും തുടങ്ങിയവരൊക്കെ പ്രതീക്ഷിച്ചതിനേക്കാളും ഊർജസ്വലരായാണ് ട്രെക്കിങ്ങ് പൂർത്തിയാക്കിയത്. 



ജീവിതത്തിന്റെ ഓർമ്മകളുടെ ഏടുകളിൽ സൂക്ഷിച്ചു വെക്കാൻ ഒരു പിടി ഓർമ്മകളുമായി, വെള്ളിയാഴ്ച പുലരിയെ മറക്കാനാവാത്ത അനുഭവങ്ങളിലൂടെ മനോഹരമാക്കിയ അൽറാബി ടവറിനു ടോക്ക്-മാസ്റ്റേഴ്സിനും പരസ്പരം സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു ഒമ്പതരയോടെ ഞങ്ങളെല്ലാവരും അവരവരുടെ വാഹനത്തിൽ താമസ സ്ഥലത്തേക്ക് മടങ്ങി; വീണ്ടും മറ്റൊരു സ്പോട്ടിൽ ഇത് പോലെ ഒന്നിക്കാമെന്ന് പ്രതീക്ഷയും വച്ച്. 

-ഒ.എം.അബ്ദുള്ള ഗുരുക്കൾ 

ട്രെക്കിങ്ങ് & ഹൈക്കിങിന് ഒരുങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിച്ചാൽ അവസാന നിമിഷത്തിലെ അനാവശ്യ പിരിമുറുക്കങ്ങൾ ഒഴിവാക്കാം..

1. ഒതുക്കമുള്ള ഒരു ബാക്ക്പാക്ക് കരുതുക. അതിൽ ചുരുങ്ങിയത് ഒന്നര ലിറ്റർ കുടിവെള്ളം, പവർ സ്നാക്കുകൾ/ബാറുകൾ, നട്സുകൾ, ടവൽ/ ടിഷ്യു പേപ്പറുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

 2. ബാക്ക്പാക്കിലെ ഐറ്റംസുകൾക്ക് പുറമെ ആവശ്യത്തിന് വെള്ളം, ലഘുഭക്ഷണങ്ങൾ, ഫ്രൂട്സുകൾ, ഒരു ജോഡി ഡ്രെസ്സുകൾ, ചെരുപ്പ് മുതലായവ വണ്ടിയിൽ കരുതി വെക്കുക. കുട്ടികൾ കൂടെയുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള സാധനങ്ങൾ വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

3. ഹെഡ് ലാമ്പ് / ടോർച്ച് നല്ലതാണ്. കൂടാതെ ഹൈക്കിങ് സ്റ്റിക്കോ കൈവടിയോ കരുതുന്നത് തുടക്കക്കാർക്ക് ഏറെ ഉപകാരപ്പെടും.

4. നല്ല ഗ്രിപ്പുള്ള, അങ്കിൾ സപ്പോർട്ടുള്ള സ്പോർട്സ്/റണ്ണിങ് ഷൂസ് തന്നെ ധരിക്കുക. 

5. മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കരുത്. ഗ്രൂപ്പായി പോവുകയാണെങ്കിൽ ബോട്ടിൽ, ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക കവർ കൊണ്ട് പോകുന്നത് നന്നായിരിക്കും.

6. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ മറക്കരുത്.

7. മിതമായ സ്‌പീഡിൽ കയറുക. ആവശ്യത്തിന് വിശ്രമിക്കുക. ക്ഷീണം തോന്നിയാൽ മടികൂടാതെ പരസ്പരം അറിയിക്കുക. 'ഞാൻ നിങ്ങളെ സഹായിക്കാൻ റെഡിയാണ്' എന്ന മനോഭാവത്തിൽ മുന്നേറുക.

8. കാൽവിരലുകളുടെ നഖം നിർബന്ധമായും തലേന്നാൾ തന്നെ വെട്ടിയൊതുക്കുക. വളർന്ന നഖമുണ്ടങ്കിൽ മലയിറങ്ങുമ്പോൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

9. മലകയറ്റം തുടങ്ങുന്നിടത്തോ മലമുകളിലോ ടോയ്‌ലെറ്റ് സൗകര്യമില്ല. അത്യാവശ്യമായാൽ മലയിടുക്കിൽ കാര്യം സാധിക്കാൻ മാനസികമായി തയ്യാറാവുക. എന്നാൽ മലകയറ്റം കാരണം ഡീഹൈഡ്രേഷൻ നടക്കുന്നതിനാൽ മൂത്ര ശങ്കക്കുള്ള സാധ്യത കുറവാണ്.

10. താമസ സ്ഥലത്ത് നിന്നും യാത്ര പുറപ്പടുമ്പോൾ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഖോർഫുഖാൻ ഹൈവേയിൽ കയറിയാൽ പിന്നെ പെട്രോൾ പമ്പ് കിട്ടണമെങ്കിൽ കോർഫുഖാൻ ടൗണിൽ തന്നെ എത്തണം.


ടോക്ക്-മാസ്റ്റർ ക്ലബംഗം പ്രിയപ്പെട്ട റഫീഖ് എഡിറ്റ് ചെയ്ത വിഡിയോ കാണാം. ഇതിലുള്ള ഡ്രോൺ വിഡിയോ ഒരു അറബ് പൗരൻ ഞങ്ങൾക്ക് വേണ്ടി ഷൂട്ട് ചെയ്തു തന്നതാണ് #mountain #nature #Alrabitower #mounatinpeak #hiking #trekking #dubaiadventure #uaeadvnture #advnture #friday #morninglights #omag #omagblog #omabdullahgurukkal #wadduha #talk-masters

1 Comments

Previous Post Next Post

JSON Variables