ഹാപ്പി ബർത്ത് ഡെ മൈ ഡിയർ സൺ; ഫിറോസിന് 18 വയസ്സ് പൂർത്തിയായി; ഇതാണെന്റെ സമ്മാനം

ഹാപ്പി ബർത്ത് ഡെ മൈ ഡിയർ സൺ ഫിറോസ്;  മൂത്ത മകൻ ഫിറോസിന് 18 വയസ്സ് പൂർത്തിയായി.

എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്. തൊട്ടിലിൽ കിടന്ന് മോണ കാട്ടി ചിരിക്കുന്ന കുഞ്ഞു  ഫിറോസിന്റെ മുഖം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്. ഉപ്പയുമുമ്മയുമടക്കം നാല് പേര് മാത്രമുണ്ടായിരുന്ന എന്റെ വീട്ടിലേക്ക് ആഹ്ളാദവും ആഘോഷവുമായാണ് നീ വന്നത്. പിന്നീടങ്ങോട്ട് ഉപ്പൂപ്പാക്കും ഉമ്മൂമ്മക്കും മാത്രമല്ല നമ്മുടെ വീടാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു.

എന്റുപ്പയുടെ സകല സ്നേഹവും കരുതലും വാരിക്കോരികിട്ടിയ പേരക്കിടാവാണ് നീ. നിനക്കൊന്ന് ചെറുതായി വയ്യാതായാൽ നിന്റരികിൽ എത്രയോ ദിനരാത്രങ്ങൾ ഉറക്കമിളിച്ചു കാവലിരിക്കുന്ന ഉപ്പൂപ്പയെ എനിക്കോർമ്മയുണ്ട്. ഉപ്പൂപ്പയുടെ മേശയിൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങളും മറ്റും നീ കുസൃതിയോടെ വലിച്ചെറിയുമ്പോൾ ഒരു തരി പോലും ദേഷ്യപ്പെടാതെ വാത്സല്യ പുഞ്ചിരി തൂകിയെന്ന് മാത്രമല്ല വീണ്ടും കളിക്കാനായി അത് അവിടെത്തന്നെ അടുക്കിവെക്കുകയായിരുന്നു. അവരുടെ അവസാന നാളുകളിൽ പോലും നിന്നെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകളായിരുന്നു. 

നിന്നെ സ്‌കൂളിൽ ചേർത്ത് മടങ്ങിയ ദിവസം, കെജിയിൽ നിന്ന് ഒന്നാം ക്ലാസിലെത്തിയപ്പോൾ സ്‌കൂൾ യൂണിഫോം മാറിയത്, എന്റെ കൂടെ കാബൂളിലേക്ക് വന്നത്, താജ്‌മഹലും ഖുത്തബ്മിനാറും ഡൽഹിയും ആവേശത്തോടെ നോക്കിക്കണ്ടത്, ഡൽഹിയിൽ മധുരലസ്സി വാരിക്കോരി തിന്നത്, ഫ്ലൈറ്റിൽ പാമ്പേഴ്സ് മാത്രമിട്ട് ഓടി നടന്നത് - എല്ലാം ഓർമയിലുണ്ട്. കാബൂളിൽ നമ്മൾ താമസിച്ച അപ്പാർട്മെന്റിൽ നീയൊരു രാജകുമാരനായിരുന്നു. നിന്നെയെടുത്ത് കൊണ്ട് പോകാൻ ആളുകൾ മത്സരമായിരുന്നു. തണുപ്പ് കൂടി ഇടക്ക് നിനക്ക് ശ്വാസം മട്ട് അനുഭവിച്ചപ്പോൾ ഞങ്ങളെക്കാൾ വിഷമിച്ചതും അവരായിരുന്നു. 

നിനക്ക് എട്ട് വയസ്സായപ്പോൾ ഉപ്പൂപ്പാ വിട്ട് പിരിഞ്ഞു പോയെങ്കിലും അവരുടെ ഖബറിടത്തിൽ നീ മുടങ്ങാതെ സന്ദർശിക്കുന്നത് നിന്റെ മനസ്സിന്റെ നന്മയാണ്. നീ കാണിക്കുന്ന ഗുരുത്തവും ലാളിത്യവും ഉപ്പൂപ്പയിൽ നിന്ന് കിട്ടിയതാവാനേ വഴിയുള്ളൂ.

നിനക്ക് വയസ്സ് പതിനെട്ട് തികയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത അഭിമാനമാണ്. ഇനി നീയൊരു ഉത്തമ പൗരനാണ്. രക്ഷിതാവിന്റെ കോളത്തിൽ ഞങ്ങളുടെ പേര്  ചേർക്കാതെ  നിനക്കിനി വളരാം. 

സാധ്യതകളുടെ  അതിവിശാലമായ ലോകമാണ് നിനക്ക് മുന്നിലുള്ളത്. സഹായിക്കുന്നവരും നിന്റെ സന്തോഷത്തിൽ അഭിമാനിക്കുന്നവരും നിനക്ക് ചുറ്റുമുണ്ട്.

പതിനെട്ട് വർഷങ്ങൾ കൊഴിഞ്ഞു പോയതല്ല; അത്രയും അനുഭവങ്ങളും അറിവുകളും നേടിയെടുത്തതാണ്. നാളുകളും വർഷങ്ങളും കൊഴിഞ്ഞു പോകാനുള്ളതല്ല; പഠിക്കാനും നേടാനുമുള്ളതാണ്. ഇന്നലെകളേക്കാളും  മെച്ചപ്പെട്ടതാണ് ഇന്നെന്ന് നെഞ്ചു വിരിച്ചു പറയാനാവണം.  

ഞാൻ കണ്ടനുഭവിച്ച ലോകത്തു നിന്നും മനസ്സിലാക്കിയ മൂന്ന് ഉപദേശങ്ങൾ നിനക്ക് തരാം. നിനക്കുള്ള എന്റെ ജന്മദിന സമ്മാനമാണിത്. അത് പോലെ കണ്ണടച്ച് പിന്തുടരാനല്ല; നിന്റേതായ രീതിയിൽ മനസ്സിലാക്കി മുന്നേറാനാണ്. 


1. ബി  ക്യാരക്റ്ററിസ്റ്റിക്ക് താൻ കരിസ്മാറ്റിക്ക്‌- Be Characteristic than Charismatic: 

കരിസ്മാറ്റിക്ക് ആവാൻ എല്ലാവര്ക്കും താല്പര്യമാണ്. അതായത്  ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകൃതം. ചുറ്റുപാടിനെ തന്നിലേക്ക് ആകർഷിപ്പിയ്ക്കാനുള്ള മാസ്മരികതയാണത്. എന്നാൽ എല്ലാവരുടെയും നിരന്തരമായ അംഗീകാരവും കയ്യടിയും കിട്ടിയില്ലെങ്കിൽ ഇവർ തളർന്നു പോകും.

പക്ഷെ ക്യാരക്ടർ അഥവാ സ്വഭാവഗുണമെന്നത് മറ്റൊന്നാണ്. അത് തന്റെ ഉള്ളിലുള്ള നന്മയാണ്. ഒരു കാര്യം ചെയ്യുമ്പോൾ അതിന് മാർക്കിടാൻ ഒരാളോ ക്യാമറയോ പോലുമില്ലെങ്കിലും സത്യസന്ധത നിലനിറുത്താനാവുന്ന മഹത്തായ ഗുണം. 

കരിസ്മാറ്റിക്ക് പലപ്പോഴും പ്രകടനപരതയാണെങ്കിൽ ക്യാരക്ടർ ആത്യന്തികമായി ഒരാളുടെ ഉള്ളിലുള്ള നന്മയാണ്. 

2- ബ്ലെയിമ് Vs റെസ്പോണ്സിബിലിറ്റി- Blame Vs Responsibility: 

നമുക്ക് തെറ്റ് സംഭവിച്ചാൽ അതിനൊരു കാരണം കണ്ടെത്തി മറ്റുള്ളവരെ ബ്ലെയിമ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കരുത്. പകരം സംഭവത്തിന്റെ റെസ്പോണ്സിബിലിറ്റി (ഉത്തരവാദിത്തം) പൂർണ്ണമായും ഏറ്റെടുക്കുക. റെസ്പോൺസിബിലിറ്റി ഏറ്റെടുക്കുന്നതോടെ അതിനുള്ള പരിഹാരവും തിരുത്താനുള്ള അവസരവും മുന്നിൽ തെളിയും. എന്നാൽ ബ്ലെയ്മ് ചെയ്യുന്നവർ ഓടിയൊളിക്കുന്നവരും പ്രശ്നങ്ങളെ നേരിടാൻ ധൈര്യമില്ലാത്തവരുമാണ്. 

ക്‌ളാസ്സിലെത്താൻ വൈകിയാൽ ബസ് ഡ്രൈവറെ ബ്ലെയിമ് ചെയ്യുന്നതിന് പകരം ഞാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങിയെല്ലന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നർത്ഥം. 

3- ഗ്രാറ്റിറ്റിയൂഡ് ആൻഡ്‌ ഫോർഗിവ്‌നസ്സ് - Gratitude and Forgiveness: 

നാം അനുഭവിക്കുന്നതോ  നമുക്കുള്ളതോ ആയ ഓരോ കാര്യത്തിനും എന്നും നന്ദിയുള്ളവനാകുക എന്നതാണ് ഗ്രാറ്റിറ്റിയൂഡ്‌. വലിയ ബംഗ്ലാവും ചുറ്റുപാടും വേണമെന്നില്ല; നിനക്കുള്ള ഓരോ അനുഗ്രഹത്തിനും - ഭക്ഷണം, ആരോഗ്യം, സുഹൃത്തുക്കൾ, ഗുരുനാഥന്മാർ, മാതാപിതാക്കൾ, - ദിവസവും ഓർത്തെടുത്ത് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടേയിരിക്കണം. ഇങ്ങനെ ശീലിച്ചാൽ നന്ദി പറയാനുള്ള കൂടുതൽ കാര്യങ്ങൾ മുന്നിൽ വന്നു കൊണ്ടേയിരിക്കുമെന്ന് മാത്രമല്ല; നല്ല കാര്യങ്ങൾ മാത്രമേ നിന്റെ കണ്ണിൽ പതിയുകയുള്ളൂ.

ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന വെയിറ്ററോടും, സെക്യൂരിറ്റി ഗാർഡിനോടും, വീട്ടിൽ ജോലിക്ക് വരുന്നവരോടും മനസ് തുറന്ന് പുഞ്ചിരിയോടെ 'താങ്ക്യു' പറയണം. 

പിന്നെയുള്ളത് ഫോർഗിവ്‌നസ്സ് ആണ്. സാമൂഹ്യ ജീവിയെന്ന നിലയിൽ നമ്മൾ ഇടപെടുന്ന പലരുമായും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമൊക്കെയുണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരൊറ്റ മോശം അനുഭവങ്ങളും മനസ്സിൽ സൂക്ഷിക്കരുത്. വിഷമിപ്പിച്ചവർക്ക് പൂർണ്ണമായും മാപ്പ് കൊടുക്കാനാവണം. അതിനർത്ഥം ആരെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരുടെ തോളിൽ കയ്യിട്ട് നടക്കണമെന്നല്ല; ആരോടും പകയോ വൈരാഗ്യമോ മനസ്സിൽ ബാക്കി വെക്കാതെ, ഒഴിവാക്കേണ്ടവരെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യണമെന്നുമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ടാവാം; എന്നെ കളിയാക്കിയവരുടെ മൂന്നിലൊന്ന് നിവർന്ന് നിന്ന് കാണിക്കണമെന്ന്. എന്നാൽ അങ്ങനെയാവരുത്- കളിയാക്കിയവരെയും ദ്രോഹിച്ചവരേയും മനസ്സിൽ നിന്ന് പറഞ്ഞു വിടുക; നീ പ്രയത്നിക്കുന്നത് നിന്നോട് പ്രൂഫ് ചെയ്യാൻ മാത്രമാവണം.


ഇനിയിതൊക്കെ എളുപ്പത്തിൽ ജീവിതത്തിൽ പകർത്താനൊരു ടൂൾ കൂടി പറഞ്ഞു നിർത്താം- 

അതാണ്- ഓണസ്‌റ്റി ആൻഡ് ഡിസിപ്ലിൻ- Honesty and Discipline:

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും കൈവിടാതെ മുറുകെപ്പിടിക്കേണ്ടതാണ് സത്യസന്ധത.  ഇടപാടുകളിൽ സൂക്ഷ്മതയും പെരുമാറ്റത്തിൽ മാന്യതയും കൂടെത്തന്നെയുണ്ടാവണം. സത്യസന്ധതക്കൊപ്പം വേണ്ടതാണ് ഡിസിപ്ലിൻ. ചെയ്യാൻ തീരുമാനിച്ചതോ ഏറ്റെടുത്തതോ ആയ കാര്യങ്ങൾ കൃത്യ സമയത്ത് കുറ്റമറ്റ രീതിയിൽ ചെയ്ത തീർക്കലാണ് ഡിസിപ്ലിൻ. ദിനേന ചെയ്യുന്ന അഞ്ചു മിനുട്ട് വ്യായാമമോ വായനയോ  ആവാം. പക്ഷെ മുടങ്ങാതെ എല്ലാ ദിവസവും അത് ചെയ്യുകയെന്നതാണ് ഡിസിപ്ലിൻ. ഓർക്കുക- വലിയ ലക്‌ഷ്യം നേടുന്നത് ഇടക്കൊരു വലിയ കാര്യം ചെയ്തതല്ല; ചെറിയ കാര്യങ്ങൾ മുടങ്ങാതെ ചെയ്താണ്. 

നീയൊരു നല്ലൊരു മകനും ബ്രദറും സുഹൃത്തുമാണ്. അതങ്ങനെ തന്നെ തുടരാനാവട്ടെ.

സ്വാതന്ത്ര്യം വേണ്ടുവോളം അനുഭവിക്കുന്നവരാണ് ഇന്നത്തെ മനുഷ്യർ. അത് സ്വന്തം നന്മക്കും കുടുംബ- സമൂഹ നന്മക്കുമാവട്ടെ. നിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ഞങ്ങളെന്നും കൂട്ടിനുണ്ട്. നീ ആശിച്ചതെല്ലാം നിനക്ക് നേടിയെടുക്കാനാവും. നിറമുള്ള ലോകത്ത് പുഞ്ചിരിയോടെ മുന്നേറാൻ എന്നെന്നും സർവ്വ ശക്തൻ അനുഗ്രഹം ചൊരിയട്ടെ-

                                                                * * *E*N*D* * *

Post a Comment

Previous Post Next Post

JSON Variables