നിങ്ങളെന്താണോ നിരന്തരമായി ചിന്തിച്ചു കൊണ്ടിരിക്കുന്നത്; ക്രമേണ അത് നിങ്ങളിലേക്ക് തീർച്ചയായും എത്തിച്ചേരും. സന്തോഷവും സമാധാനവുമാണെങ്കിൽ അതും രോഗത്തെയും കടത്തേയും കുറിച്ചാണെങ്കിൽ അതും കൂടിക്കൊണ്ടിരിക്കും.
ഈ നവംബറിൽ ദുബായ് ബുസ്താൻ സെന്ററിൽ നടന്ന 'ഹാക്ക് യുവർ മൈൻഡ് അൺലോക്ക് യുവർ പൊട്ടൻഷ്യൽ' പരിപാടിയിൽ ബയോഹാക്കറും ട്രാൻസ്ഫോർമേഷണൽ കോച്ചുമായ സി.എം. മഹ്‌റൂഫ് നടത്തിയ ട്രെയിനിങ് സെഷനിലാണ് ചിന്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായത്.
ദുബായ് യങ് മേക്കേഴ്‌സ് കമ്മ്യുണിറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ചിട്ടയായ ജീവിത ശൈലിയിലൂടെ മനസ്സും ശരീരവും ഊർജസ്വലമായ നിലനിർത്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കണ്ടെത്താൻ പ്രവർത്തിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് യങ് മേക്കേഴ്‌സ് കമ്മ്യുണിറ്റി.
രാവിലെ ഉറക്കമുണർന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ ആയിരക്കണക്കിന് ചിന്തകളാണ് മനുഷ്യ മനസ്സിലൂടെ കടന്നു പോകുന്നത്. അന്തമില്ലാത്ത ചിന്തകൾ കാരണം ഉറക്കം നഷ്ടപ്പെടുന്നവരുമുണ്ട്. ബഹുഭൂരിഭാഗം ചിന്തകളും നാമറിയാതെ നമ്മെ കീഴ്പെടുത്തുന്നവയാണ്. ഇതിൽ കൂടുതലും ഉൽക്കണ്ഠയുണ്ടാക്കുന്നതും ഭാവിയെക്കുറിച്ചുള്ള ആധി കൂട്ടുന്നതുമടക്കം നെഗറ്റീവ് ചിന്തകളാണ്.
നാമെന്താണോ നിരന്തരമായി ചിന്തിച്ചു കൊണ്ടിരിക്കുന്നത് ക്രമേണ അതായിത്തീരും നമ്മളെന്ന് പറയാറുണ്ട്.
നിങ്ങളൊരു പുതിയ ജോലിയിൽ കയറിയെന്ന് കരുതുക. ആദ്യ ദിനം ഓഫീസിലെത്തുന്നത് പേടിയോടെയും മറ്റുള്ളവർ എന്നോട് ഇഷ്ടക്കുറവോടെയാണ് പെരുമാറാൻ പോകുന്നതെന്നും വിജാരിച്ചു തുടങ്ങിയാൽ പിന്നെ അതിൽ നിന്ന് കര കയറാൻ സമയമെടുക്കും. തുടർന്നുണ്ടാകുന്ന ഓരോ കാര്യങ്ങളും നിങ്ങൾ ആദ്യം ചിന്തിച്ചു കൂട്ടിയത് പോലെ ആയിരിക്കും.
ഇങ്ങനെ സാമ്യമുള്ള കാര്യങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി നടക്കുന്നതോടെ നമ്മൾ അതിനോട് പൊരുത്തപ്പെടുകയും അങ്ങനെയൊരു ചുറ്റുപാടിൽ അമർത്തപ്പെട്ടവരയി ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
അപ്പോൾ ഇത്രയും പവർഫുള്ളായ ചിന്തയെ നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാലോ?
ഒരു പ്രത്യേക കാര്യം ആരംഭിക്കുന്നതിന് മുൻപ്; ഉദാഹരണത്തിന് പരീക്ഷയോ പുതിയ ബിസിനസ്സോ ആവാം. ആ ഒരു കാര്യം ചെയ്‌താൽ വന്നേക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളും അത് കൊണ്ട് ഉണ്ടാകാൻ പോകുന്ന എല്ലാ നേട്ടങ്ങളും ഒരു പേപ്പറിൽ എഴുതുക. തുടർന്ന് പോസിറ്റിവ് കാര്യങ്ങൾ ഓരോന്നായി വരുന്നതായി മനസ്സിൽ വിഷ്വലൈസ് ചെയ്ത് ചിന്തിക്കുക. ഒരു സിനിമ കാണുന്നത് പോലെ ഒന്നിന് പിറകെ മറ്റൊന്നായി ചിത്രങ്ങൾ മനസ്സിൽ തെളിയണം. അങ്ങനെ വരുമ്പോൾ നിങ്ങളുടെ നെഗറ്റിവ് ചിന്തകളുടെ സ്വാധീനം പതിയെ കുറഞ്ഞു വരും.
അതാണ് "സ്ട്രറ്റജിക്ക് തിങ്കിങ് ടൈം". ദിവസവും ചിന്തിക്കാൻ മാത്രമായി പത്തോ ഇരുപതോ മിനിട്ടുകൾ മാറ്റിവെക്കുക. പല്ലു തേക്കുന്നത് പോലെ, ഭക്ഷണം കഴിക്കുന്നത് പോലെ ചിന്തിക്കാൻ മാത്രമായൊരു സമയം.
എന്ത് ചിന്തിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു ചിന്തിക്കാൻ തുടങ്ങുക. അത് നാളെ ധരിക്കുന്ന ഷർട്ടിന്റെ കളറിനെക്കുറിച്ചാവാം അടുത്തയാഴ്ചയുള്ള ബിസിനസ് പ്രസന്റേഷനെക്കുറിച്ചാവാം ബിസിനസിന്റെ പുതിയ മാർക്കറ്റിങ് സ്ട്രാറ്റജിയെക്കുറിച്ചാവാം ജോലി മാറുന്നതിനെക്കുറിച്ചാവാം. ഇങ്ങനെ ചിന്തിക്കുമ്പോൾ ഉള്ള ഗുണം നമ്മൾ ബോധപൂർവ്വം ചിന്തിക്കാൻ പരിശീലിക്കുന്നുവെന്നാണ്. നിരാശപ്പെടുത്തുന്നതും തളർത്തുന്നതുമായ ചിന്തകൾ വരുമ്പോൾ ബോധപൂർവ്വം അതിനോട് നൊ പറയുക.
ചിന്തകളെ നിയന്ത്രിക്കാനാവുകയെന്നതാണ് മനസ്സിനെ നമ്മുക്കനുകൂലമായി പ്രവർത്തിപ്പിക്കാനുള്ള എളുപ്പ വഴി. അപ്പോൾ ഒരു കോമ്പസ് സെറ്റ് ചെയ്ത പോലെ നമ്മുടെ ഉപബോധ മനസ്സും ശരീരവും നേരത്തെ ചിന്തിച്ചുറപ്പിച്ച ലക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങുന്നത് അനുഭവിച്ചറിയാം.
അതാണ് "ഹാക്ക് യുവർ മൈൻഡ് അൺലോക്ക് യുവർ പൊട്ടൻഷ്യൽ"
-എ.ജി.എക്സ്. (www.agxdiary.com)
യങ് മേക്കേഴ്‌സിന്റെ ഇക്കൊല്ലത്തെ എക്സലൻസ് അവാർഡ് സി.എം.മഹ്‌റൂഫും പി.പി.സാദിക്കിൽ നിന്നും ഞാൻ ഏറ്റു വാങ്ങിയപ്പോൾ.. |