മഞ്ഞും മലയും മാപ്പിളപ്പാട്ടും.. റാസൽഖൈമയിൽ ചരിത്രം കുറിച്ച് ഒറവങ്കരക്കാർ..



ഒറവങ്കരക്കാരായ നൂറ്റമ്പതിൽ പരം ആളുകളാണ് ഒരു ഫുൾ ഡേ പ്രോഗ്രാമിനായി റാസൽഖൈമയിലെ 'ഗുറൂബ് ഫാം ഹൌസി'ൽ ഒരുമിച്ചു കൂടിയത്.. രണ്ടു ബസ് സ്റ്റോപ്പുകളും കഷ്ടിച്ച് ഇരുനൂറിലധികം വീടുകളുമുള്ള കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് ഒറവങ്കര. കുശലാന്വേഷണങ്ങളും ബന്ധവും ഓർമ്മ പുതുക്കലുകളും സോഷ്യൽ മീഡിയകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നേരിട്ട് കാണാനും കൊച്ചു വർത്തമാനങ്ങൾ പറഞ് പൊട്ടിച്ചിരിക്കാനും ഒരവസരം ലഭിച്ചപ്പോൾ പങ്കെടുത്തവരെല്ലാം സത്യത്തിൽ സ്വയം മറന്നുല്ലസിക്കുകയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞിറങ്ങുമ്പോൾ പലരും പരസ്പരം ചോദിച്ചത് ഒരേ ചോദ്യം.. ഇത്രയധികം ഒറവങ്കരക്കാർ യു.എ.എയിലുണ്ടായിരുന്നോ??

എം.വൈ.എൽ. ഒറവങ്കര യു.എ.ഇ. കമ്മിറ്റി ഇക്കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ.യിലെ റാസൽഖൈമയിൽ സംഘടിപ്പിച്ച 'മ.മ.മ; എ പെർഫെക്ട് ഫാം ഹൌസ് എസ്കപേട്' വ്യത്യസ്തമായൊരു അനുഭവമാണ് നാട്ടുകാർക്ക് സമ്മാനിച്ചത്. ഫുടബോൾ കൂട്ടായ്മകളിലും പാർക്കുകളിലും ബീച്ചുകളിലുമായിലും ഇൻഡോർ ഹാളുകളിലുമായി നിരവധി പരിപാടികളിൽ പങ്കെടുത്ത അനുഭവമുള്ളവരാണ് മിക്കവരും. എന്നാൽ യു.എ.ഇ.യിലെ മലകളുടെ നാടായ റാസൽഖൈമയിൽ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന, അറേബ്യൻ ആതിഥേയ രീതികളിൽ ഒരുക്കിയ സുന്ദരമായൊരു ഫാം-ഹൌസ് കൂട്ടായ്മ പലർക്കും ആദ്യാനുഭവമായിരുന്നു.  ഒറവങ്കരക്കാർക്ക് വേണ്ടി ഒറവങ്കരക്കാർ സംഘടിപ്പിച്ച പരിപാടി. 

ഒറവങ്കരയുമായി പൊക്കിൾ കൊടി  ബന്ധമുള്ളവരെല്ലാം സംഘാടകരുടെ ക്ഷണം സ്വീകരിച്ച്‌ റാസൽഖൈമയിലേക്ക് ഒഴുകിയപ്പോൾ നേട്ടങ്ങളുടെ മറ്റൊരടയാളമായി 22-12-24 എന്ന തീയതി ഒറവങ്കരയുടെ ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. 

ദുബായിലെ ഖിസൈസിൽ നിന്ന് ബസ് വഴിയാണ് യാത്ര പുറപ്പെട്ടത്. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് ഫാറൂഖ് റേഞ്ചറും ജനറൽ സെക്രട്ടറി താഹിർ ഫാനൂസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ത്വയ്യിബ് ഫാനൂസിന്റെ ഭക്തിസാന്ദ്രമായ പ്രാർത്ഥനയോടെ യാത്ര തുടങ്ങി. ഒരു ബസ്സും രണ്ട് വാനുകൾക്കും പുറമെ സ്വന്തം വാഹനങ്ങളിൽ എത്തിയവരും നിരവധി. കുസൃതി ചോദ്യങ്ങളും കൊച്ചു വർത്തമാനങ്ങളും കൈമുട്ടിപ്പാട്ടുമൊക്കെയായി 'പാൽപിറ്റേഷനി'ല്ലാതെ ഒന്നര മണിക്കൂർ ബസ് യാത്ര എത്തിയതേ അറിഞ്ഞില്ല. ഉച്ചക്ക് ഒരു മണിയോടെ ഗുറൂബ്‌ ഫാം- ഹൌസിലെത്തി. പുതിയാപ്ലയെ മണിയറയിലേക്ക് ആനയിക്കുന്ന ആവേശത്തോടെ  കൈമുട്ടിപ്പാട്ടുമായാണ് അകത്തേക്കുള്ള പ്രവേശനം.

എന്നാൽ പ്രതീക്ഷകൾക്കുമപ്പുറത്തുള്ള ഒരുക്കങ്ങളായിരുന്നു ഫാം-ഹൌസിൽ ഉണ്ടയിരുന്നത്. വിശാലവും  എന്നാൽ ചുറ്റുമതിലിൽ സുരക്ഷിതമായൊരിടം. കാർ പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടപ്പം കുട്ടികൾക്കും   മുതിർന്നവർക്കും കളിക്കാനുള്ള സ്ഥലങ്ങൾ. കിണർ, മജ്-ലിസ് തുടങ്ങി  ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടനവധി നിർമ്മിതികൾ. വിത്യസ്ത ജനുസ്സുകളിലുള്ള പ്രാവുകളും പക്ഷികളും വെവ്വേറെ കൂടുകളിൽ പാട്ട് പാടി പറന്നുല്ലസിക്കുന്നു. രാജകീയ കമാനത്തിലൂടെ അകത്ത്‌ പ്രവേശിച്ചപ്പോൾ നാട്ടിലെ പഴയ കാല നാല് കെട്ട് രീതിയിൽ വിശാലമായ മുറികളും സ്വീകരണ- വിശ്രമ മുറികളും, ഒത്ത നടുക്ക് വലുതും ചെറുതുമായ രണ്ട് സ്വിമ്മിങ് പൂളുകളും.

ഉച്ചക്ക് നെയ്ച്ചോറും പോത്തിറച്ചിയും പരിപ്പ് കറിയും കൂട്ടിക്കുഴച്ച് ചിക്കൻ ഫ്രയ്യും ചേർത്തൊരു ഗംഭീര ഭക്ഷണം. ദുഹർ നിസ്കാരവും വിശ്രമവും കഴിഞ്ഞതോടെ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ കളികൾ. ബലൂൺ ലെഗ്, കപ്പ് പിക്കിങ്, മ്യൂസിക്കൽ ചെയർ തുടങ്ങി വിവിധ വിനോദ മത്സരങ്ങൾ.   പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ചു കമ്മിറ്റി മുൻ പ്രസിഡന്റ് ജാഫർ റേഞ്ചർ സമ്മാനങ്ങൾ വാരിക്കൂട്ടി.

പിന്നെയൊരു ഗ്രൂപ്പ് ഫോട്ടോ. കൊച്ചു കുട്ടികളും സ്ത്രീകളുമടക്കം ഇത്രയധികം ആളുകളെ ഒറ്റ ഫ്രയിമിൽ ഉൾകൊള്ളിക്കാൻ ഒരല്പം പാടുപെട്ടു. എങ്കിലും സൽമാൻ ഫാരിസിന്റെ ക്ലിക്ക് മികവിൽ വന്നത് അടിപൊളി ചിത്രം. കാലമെത്ര കഴിഞ്ഞാലും ഓർമ്മകൾ തിരമാലകളായി മടങ്ങി വരുന്നൊരു ഫ്രെയിം. ഒപ്പം എല്ലാവരും ഒന്നിച്ച് 'ഐ ലവ് ഒറവങ്കര' പറയുന്നൊരു കൊച്ചു വീഡിയോയും.  

അപ്പഴേക്കും കരീംച്ചാന്റെ ചായപ്പീടികയിൽ വെള്ളം തിളക്കാൻ തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് പരിപാടിയുടെ അവസാനം വരെ സുലൈമാനിയും പാൽ ചായയും സമൂസയും പഴം പൊരിയും ഉള്ളിബജയും ചിക്കൻ നഗറ്റ്സും ഒഴുകുകയായിരുന്നു.

വൈകുന്നേരത്തെ ചായ കഴിഞ്ഞതോടെ 'ഒറവങ്കര ലീഗോഫീസ്' എന്ന് പേരിട്ട ഹാളിൽ കുട്ടികളടക്കം എല്ലാവരും ഒത്തു കൂടി. കമ്മിറ്റിക്കുള്ള അംഗീകാരവും അവാർഡ് വിതരണങ്ങളും നാടിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളുമായി ഹാളിനകത്ത് തിങ്ങി നിറഞ്ഞവർ ആവേശക്കൊടുമുടി കയറിയപ്പോൾ അക്ഷരാർഥത്തിൽ ഒറവങ്കര ലീഗോഫീസായി മാറുകയായിരുന്നു. ഒപ്പം നാടിന്റെ പ്രിയ ഗായകൻ സക്കീർ കുരിക്കളിന്റെ മാപ്പിളപ്പാട്ടും. ആൾക്കൂട്ടത്തെ ഉൾകൊള്ളാനാവാതെ ലീഗോഫീസ് വീർപ്പ് മുട്ടിയതോടെ മൈക്കും സ്പീക്കറും പണി മുടക്കി. അപ്പഴേക്കും മഗ്‌രിബ് ബാങ്ക് കാതുകളിലെത്തി. 

 

കപ്പിൾസിനുള്ള ഗെയിമായിരുന്നു അടുത്തത്. തലതിരിഞ്ഞ ചോദ്യങ്ങളുമായി വന്ന്, കുഴഞ്ഞു മറിഞ്ഞു അവസാനം ഏറെ വിയർപ്പൊഴുക്കി ഫൈസറും താഹിറും ബുനയ്യയും ഗെയിം പൂർത്തിയാക്കി. റഷാദ്-  ഫർസാന ദമ്പതികൾ ഒന്നാം സ്ഥാനം നേടിയപ്പോൾ കമ്മിറ്റിയെ സോപ്പിട്ട് അസ്സുവും തയ്യിബും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 

പിന്നെയാണ് 'ഗുറൂബ് ഫാം ഹൌസ്' ശരിക്കും പ്രകമ്പനം കൊണ്ടത്. പൗരുഷം പതിവിടർത്തിയ നാല് ഉശിരൻ ടീമുകൾ അണി നിരന്ന കമ്പ-വലി മത്സരം. വടത്തിന്റെ രണ്ടറ്റത്ത് വാശിയും ആവേശവും നുരഞ്ഞു പൊങ്ങിയപ്പോളും സൗഹൃദവും ഐക്യവും ഒപ്പത്തിനൊപ്പം തന്നെയുണ്ടായിരുന്നു. വടം വലി നിയന്ത്രിച്ച, ഒറവങ്കരയുടെ കൗ-ബോയ് നാസർ നാച്ചുവിന്റെ മാരക പ്രകടനമായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്; ആർപ്പ് വിളിയും പൊട്ടിച്ചിരിയും ദേഷ്യവും മിനിട്ടുകൾക്കുള്ളിൽ മിന്നി മറയുന്ന മാസ്മരിക പ്രകടനം.

വടം വലിയിൽ തളർന്നതോടെ തൊട്ടടുത്ത 'ഒറവങ്കരക്കുളം' എന്ന് പേരിട്ട സ്വിമ്മിങ് പൂളിലേയ്ക്ക് ചാട്ടം.  ഡിസംബറിലെ തണുപ്പിൽ വെള്ളം ഐസ് പോലെ തണുത്തിരുന്നെങ്കിലും കുട്ടികളടക്കം ആർത്തിയോടെ നീന്തിക്കുളിച്ചു. ശരിക്കും ഒറവങ്കര പള്ളിക്കുളത്തെ ഓർമിപ്പിക്കുന്ന ചാടിക്കുളിയും 'കൊസളച്ചാട്ടവും'   

ചിക്കൻ ചാർക്കോളിന്റെയും മസാലയുടേയും മണമടിക്കാൻ തുടങ്ങിയതോടെ പള്ളിക്കുളവും പതുക്കെ കാലിയായി. ഭക്ഷണത്തോടൊപ്പം സക്കീർ കുരിക്കളിന്റെ നേതൃത്വത്തിൽ വീണ്ടും മാപ്പിളപ്പാട്ടും  കലാശക്കൊട്ട് കൈമുട്ടിപ്പാട്ടും. പാട്ടിന്റെ താളം മുറുകിയതോടെ കൂടി നിന്നവരെല്ലാം ഡാൻസ് മോഡിലേക്ക് മാറാൻ തുടങ്ങി. നാടൻ പാട്ടും മോഡേൺ മ്യുസിക്കും ചേർന്നൊരു സ്വരരാഗ താളമേളങ്ങൾക്കൊപ്പം നൃത്തം ചവിട്ടി, റാക്കിനോടും ഗുറൂബിനോടും സലാം പറഞ് അവരെല്ലാം ബസ് കയറി. പഴയകാല പാട്ടുകളിൽ ലയിച്ചുറങ്ങി ബസ് ദുബൈ ഖിസൈസിൽ തിരിച്ചെത്തുമ്പോൾ സമയം രാത്രി പന്ത്രണ്ടിനടുത്ത്..

     

വ്യത്യസ്തവും ഏറെ ശ്രദ്ധയാകർഷിച്ചതുമായ അനവധി കാര്യങ്ങളുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന നാമകരണം. സ്വിമ്മിങ് പൂളിന് 'ഒറവങ്കര പള്ളിക്കുളം' ഹാളിന് 'ഒറവങ്കര ലീഗോഫീസ്' സോഫ മജ്-ലിസിന് 'ഒറവങ്കരക്കല്ല്', ഒറവങ്കര പാർക്ക്, ഒരവങ്കരക്കുച്ചില്,  കരീംചാന്റെ ചായപ്പീടിയെ, അദ്ദ്രാൻചാൻറ്റാടത്തെ പയം പൊരി... 

ഇതൊരു ഫുഡ് ഫെസ്റ്റിവൽ ആയിരുന്നെന്ന് കൂടി പറയാം.. റഹീം കൊച്ചനാട്, മജീദ് കരൾ, നൂറു പയോട്ട, നസീർ, ഫൈസൽ  തുടങ്ങിയവർ കിച്ചണിൽ ആറാടുകയായിരുന്നു..  കമ്മിറ്റിയുടെ മുൻ പ്രധാന  ഭാരവാഹികൾക്ക് മെമന്റോ നൽകി ആദരിച്ചതും ഒമാനിൽ നിന്ന് ആവേശത്തോടെ ശരീഫ് മുക്രിയും മുസഫ്ഫർ മുനീറും വന്നതും എടുത്ത് പറയേണ്ടതാണ്. 

ഏറെ പ്രയത്നിച്ചു ഇങ്ങനെയൊരു ഗംഭീര പരിപാടി സംഘടിപ്പിച്ച് വിജയിപ്പിച്ച എം.വൈ.എൽ.ഒറവങ്കര യു.എ.ഇ. കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ. വ്യത്യസ്‍തവും നൂതനവുമായ ആശയങ്ങളുമായി ഇനിയും നിങ്ങളെത്തുമെന്ന് ഉറപ്പുണ്ട്. പ്രസിഡണ്ട് ഫാറൂഖ് റെയ്ഞ്ചറിനും ജനറൽ സെക്രട്ടറി താഹിർ ഫാനൂസിനും ട്രഷറർ റിഫായിക്കും വൈസ് പ്രസിഡണ്ടുമാരായ മജീദ് കരൾ, നൂറുദ്ദീൻ പയോട്ട, ഫൈറൂസ് അപ്സര  തസ്‌ലീം കടവത്ത് എന്നിവർക്കും സെക്രട്ടറിമാരായ ഫാസി ഹംസ, എ.വൈ.ബാസിത്ത്, സൽമാൻ ഫാരിസ്, ഫൈസൽ എന്നിവർക്കും അഭിനന്ദനങ്ങൾ; അനുമോദനങ്ങൾ. 

ഒരിക്കൽ കൂടി ഒറവങ്കരയുടെ ഐക്യവും സംഘാടക മികവും തെളിഞ്ഞു നിന്ന പരിപാടി. നൂറിൽ നൂറു മാർക്കും നൽകുന്നു... 

1997 സെപ്റ്റംബർ 27 നാണ് എം.വൈ.എൽ ഒറവങ്കരയുടെ ഓഫീസ് നാട്ടിൽ തുറക്കുന്നത്. സ്വാതത്ര്യാനന്തരം ഹരിത രാഷ്ട്രീയത്തിൽ മാത്രം അടിയുറച്ച്‌ പ്രവർത്തിച്ച് വന്നവരുടെ നാട്ടിലെ ആസ്ഥാന കേന്ദ്രം. പിന്നീടിത്  ഒറവങ്കരയുടെ പാര്ലമെന്റായി വളരുകയായിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡണ്ട് അക്കിച്ചയെന്ന ഹക്കിം ഇബ്രാഹിമാണ്. സ്ഥാപക ജനറൽ സെക്രട്ടറി അബ്ദുള്ള ഗുരുക്കളും സ്ഥാപക ട്രഷറർ ഒ.എ.ഹാമിദുമാണ്. 

അന്നുമിന്നും ഒരൊറ്റ സംഘടന.. ഒരേ താളം.. ഒരേ മനസ്സ്.. ഇങ്ങനെയൊരു നാട് വിരളമാണ്.. രാഷ്ട്രീയം ചേർന്ന് ഇവിടത്തെ വെള്ളം കലങ്ങാറില്ല.. 

പക്ഷെ എന്തിനും ഏതിനും അവരുടെയുള്ളിലൊരു രാഷ്ട്രീയമുണ്ട്; അർദ്ധചന്ദ്ര താരാങ്കിത ഹരിതവർണ്ണ പതാകയുടെ രാഷ്ട്രീയം.. അതിവിടെയെന്നും പാറിപ്പറക്കും..  അതൊരഭിമാനമാണ്.. അതൊരു വികാരമാണ്.. അത് തന്നെയാണ് ഈ കൂട്ടായ്മയുടെ അടിവേരും വിജയവും. 

അതെന്നും നില നിൽക്കുകയെന്നത് കാലത്തിന്റെ കാവ്യനീതിയാണ്.. കാരണം നല്ലതിന് മരണമില്ല..

***End**
കമ്മിറ്റിയുടെ സ്നേഹോപഹാരം സെക്രട്ടറി ഫൈസർ ഹംസ
എനിക്ക് സമ്മാനിച്ചപ്പോൾ..


കമ്മിറ്റി തയ്യാറാക്കിയ വീഡിയോ.. 
സൽമാൻ ഫാരിസിന്റെ വോയ്‌സോടെ കാണാം.. 

1 Comments

Previous Post Next Post

JSON Variables